Wednesday 25 September 2013

എന്റെ ലോകം

          ഇന്നും ഞാൻ ഒറ്റയ്കെ ഉള്ളൂ .ഇന്നലെയും മെനിഞാന്നും ഒക്കെ കൂടെ
സൈറ ഉണ്ടായിരുന്നു.അവള്ക്ക് ഇന്ന് എന്ത് പറ്റി എന്നറിയില്ല.ഇന്ന് എന്നോടൊന്നും മിണ്ടീല്ല.സ്കൂൾ വിട്ടുടനെ എന്നെ കൂട്ടാതെ ഓടിക്കളഞ്ഞു.ദുഷ്ട !ഞാൻ ഇനി അവളോട് മിണ്ടില്ല.എന്നെ ഒറ്റയ്ക്കിട്ട്  പോയതല്ലേ ..അല്ലെങ്കിലും എന്റെ ക്ലാസ്സിലെ കുട്ടികള്ക്കൊന്നും   എന്നോട് ഒരിഷ്ടവുമില്ല.ആരും എന്നോട് ഒന്ന് മിണ്ടുക പോലുമില്ല, എന്റെ അടുത്ത്  ഇരിക്കുക പോലുമില്ല .

     ആകെ എന്നോട് ഇഷ്ടമുണ്ടായിരുന്നത് സൈറയ്ക്കാണ് .അവള്ക്ക് എന്നെ ഭയങ്കര ഇഷ്ടമയിരുന്നു
.അവൾ എന്റെ അടുത്ത് ഇരിക്കും, എന്നോട് ഇപ്പോഴും മിണ്ടും..ഞാനും അവളും ഒരുമിച്ചാണ് സ്കൂളിൽ പോണതും വരുന്നതും .പക്ഷെ അവളും ഇന്ന് മാറിയിരുന്നു .ഞാൻ ഇതെല്ലം വീട്ടിൽ ചെന്ന് അമ്മൂമ്മയോട് പറഞ്ഞ്‌ കൊടുക്കൂല്ലോ.അതും പോരാഞ്ഞിട്ട് എന്റെ അച്ഛനും അമ്മയും തിരിച്ച് വരുമ്പോൾ അവരോടും ഇതെല്ലാം പറഞ്ഞ്‌ കൊടുക്കും.എന്നിട്ട് അവളെ കരയിക്കും .അയ്യോ ! അത് വേണ്ട അവൾ ഒരു പാവമല്ലേ. എന്നാലും അച്ഛനും അമ്മയും ഒന്ന് പെട്ടന്ന് എത്തിയിരുന്നുവെങ്കിൽ...ചിലപ്പോൾ അച്ഛനും അമ്മയും    ക്ലാസ്സിലൊന്നും വരാത്തത് കൊണ്ടാകും എന്നോടാരും മിണ്ടാത്തത്. അച്ഛനും അമ്മയും വരുമ്പോൾ ഞാൻ അവരെയും കൂട്ടി സ്കൂളിൽ പോകും.അപ്പോൾ അവരെല്ലാം ചങ്കിച്ചു പോവുമല്ലോ.

      ഹായ് ! എന്റെ വീട് എത്തിയല്ലോ അമ്മൂമ്മ എന്നെ കാത്തു നില്ക്കുകയാണ്. അമ്മൂമ്മയോട് ഞാൻ സ്കൂളിൽ നടന്നതെല്ലാം പറഞ്ഞു. അവസാനം സൈറയുടെ  കാര്യം പറഞ്ഞപ്പോൾ എനിക്ക് കരച്ചിൽ വന്നു .അമ്മൂമ്മ എന്നെ ക്ലാസ്സിൽ വന്നു അവരെയൊക്കെ ചീത്ത പറയാന്നു പറഞ്ഞു .അപ്പോൽ എനിക്ക് കുറച്ച്  സന്തോഷം തോന്നി. 

പിറ്റേന്നും സൈറ എന്റെ ബെഞ്ചിൽ ഇരുന്നില്ല .എനിക്ക് പെട്ടന്ന് കരച്ചിൽ വന്നു.എന്നോടാർക്കും ഇഷ്ടമില്ല ; സൈറയ്ക്കു  പോലുമില്ല .ടീച്ചർമാരും എന്നോട് മിണ്ടില്ല .എനിക്ക് എന്താ കൊഴപ്പം  ഞാൻ കൊറേ കരഞ്ഞു ഞാൻ കരഞ്ഞത് ഉറക്കെയായിരുന്നു .ഞാൻ കരയുന്നത് കണ്ട സൈറ എന്റെ അടുത്ത് വന്നു കാര്യം തിരക്കി .നീ എന്താ എന്നോട് മിണ്ടാത്തത് എന്ന് ചോദിച്ചപ്പോൾ അവൾ പറയുകയാണ് അവളുടെ ഉമ്മയും ബാപ്പയും അവളെ എന്നോട് മിണ്ടുന്നതിനു വഴക്കു പറഞ്ഞൂന്നു .ടീച്ചറാണ് അവളെ സ്ഥലം മാറ്റിയതെന്ന് .അവള്ക്ക് എന്നോട് ഒത്തിരി ഇഷ്ട്ടമുണ്ടെന്നു. ഇതും കൂടി കേട്ടപ്പോൾ എന്റെ കരച്ചിൽ വീണ്ടും കൂടി .അതെന്താ അവളുടെ ഉമ്മയും ബാപ്പയും ടീചരുമെല്ലാം അങ്ങനെ പറഞ്ഞത്. സൈറ തന്നെ അതിന്റെ ഉത്തരവും പറഞ്ഞു തന്നു.എനിക്ക് എന്തോ രോഗമാണെന്ന് ,അടുത്തൊക്കെ ഇരുന്നാലും മിണ്ടിയാലും  ഒക്കെ ആ രോഗം പകരുമെന്ന് . ആ രോഗം വന്നാണ് എന്റെ  അച്ഛനും അമ്മയും മരിച്ചു പോയെന്നും അവൾ പറഞ്ഞു. 

ഇത് കേട്ടപ്പോൾ ഞാൻ അവളെ കൊറേ വഴക്കു പറഞ്ഞു.അമ്മൂമ്മ ഇപ്പോഴും പറയുമല്ലോ അമ്മയും അച്ഛനും എവിടെയോ പോയിരിക്കുകയാണെന്ന് .പെട്ടന്ന് തന്നെ എന്നെ കാണാൻ വരുമെന്ന് ഈ സൈറ പറയുന്നത് ഒക്കെ കള്ളമാണ് .സൈറയും ക്ലാസ്സിലെ കുട്ടികളും ടീച്ചർമാരും എല്ലാം എന്നെ പറ്റിക്കുകയാണ്. ഞാൻ ഇനി ഈ സ്കൂളിൽ വരില്ല .എനിക്ക് ഈ സ്കൂൾ ഇഷ്ടമല്ല .ഞാൻ കൊറേ ദിവസം സ്കൂളിൽ പോയില്ല .അമ്മൂമ്മ കൊറേ പറഞ്ഞു നോക്കി. എന്നിട്ടും ഞാൻ പോയില്ല .ഇനി അമ്മയും അച്ഛനും വന്നിട്ടേ ഞാൻ പോകൂ .


ഒരു ദിവസം വീട്ടിൽ ഒരാൾ വന്നു .അയ്യാൾ പത്രം എഴുതുന്ന ആൾ എന്നാണ് അമ്മൂമ്മ പറഞ്ഞത് .അയ്യാൾ എന്നോട് കൊറേ കാര്യങ്ങൾ ചോദിച്ചു. .എന്റെ അമ്മയെയും അച്ഛനെയും പറ്റിയൊക്കെ ചോദിച്ചു .ഞാൻ അവരെ അറിയോന്ന് ചോദിച്ചു. അയ്യാൾക്ക് അവരെ അറിയാന്ന് ! എന്നെ കാണാൻ അവർ എന്നാ വരുന്നത് എന്ന് ചോദിച്ചപ്പോൾ എന്റെ തലയിൽ ഒന്ന് തടവി എനിക്ക് കരച്ചിലും ദേഷ്യവും ഒക്കെ വന്നു .അവസാനം അയ്യാൾ പറഞ്ഞു എന്നെ കാണാൻ അവർ ഉടനെ വരുമെന്ന് പറഞ്ഞിട്ട് അയ്യാൾ ഇറങ്ങി. 

പോവാൻ നേരം അയ്യാൾ അമ്മൂമ്മയോട് കൊറേ സംസാരിച്ചു. കളിക്കാൻ പോയ ഞാൻ അവർ തമ്മിൽ എന്റെ അച്ഛനെയും  അമ്മയെയും പറ്റി പറയുന്നത് കേട്ടിട്ട് ബാക്കീം കൂടി കേള്ക്കാൻ വേണ്ടി ഒളിച്ചു നിന്നു.അതീന്നു ഒന്ന് മനസിലായി എന്റെ അച്ഛനും അമ്മയും മരിച്ചു പോയി.അവർക്ക് ഏതോ രോഗമായിരുന്നു. ആ രോഗം തന്നെയാണ് എനിക്കും.

 അപ്പോൾ ഞാനും മരിക്കോ... അയ്യാൾ പോയ ശേഷം ഞാൻ അമ്മൂമ്മയോട് ചോദിച്ചു. അമ്മൂമ്മ കരയുകയായിരുന്നു .പക്ഷെ എനിക്ക് ഭയങ്കര സന്തോഷം തോന്നി. ഞാൻ മരിച്ചാൽ എനിക്ക് അച്ഛനെയും അമ്മയെയും കാണാല്ലോ . ഇനി ആ സ്കൂളിലേക്ക് പോണ്ടല്ലോ .പിന്നെ അമ്മൂമ്മ അതാണൊരു സങ്കടം !

ആ അതിനുമുണ്ടൊരു വഴി. ; എന്നെ കാണണം എന്ന് തോന്നുമ്പോ അമ്മൂമ്മയും മരിച്ചിട്ട് വന്ന മതിയല്ലോ ! 

ഇത് കേട്ട് അമൂമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞിട്ടു ഉമ്മ തന്നു .അമ്മൂമ്മ എന്തിനാണ് കരയുന്നത്  ഈ അമ്മൂമ്മയ്ക്ക് അല്ലെങ്കില്ലും ഒന്നും അറിയില്ല    
  


2 comments: